കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയതും വനിതാ ഡോക്ടറെ ആക്രമിച്ചതും സന്തോഷെന്ന് പോലീസ്‌

തിരുവനന്തപുരം:കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമം നടത്തിയതും മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതി ഒരാളാണെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരംസിറ്റിപോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. മലയിന്‍കീഴ് മച്ചയില്‍ ശിവജിപുരം പത്മനാഭവിലാസം വീട്ടില്‍ സന്തോഷ് (39) നെയാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ വാട്ടര്‍ അതോറിറ്റിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി നോക്കിവരുന്ന താല്ക്കാലിക ജീവനക്കാരനാണ്.
കഴിഞ്ഞ 26-ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുറവന്‍കോണത്തെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി മോഷണശ്രമം നടത്തിയശേഷം 04.45 മണിയോടെ മ്യൂസിയത്തിന് സമീപത്ത് എത്തിയ പ്രതി മ്യൂസിയം ഗേറ്റിന് സമീപത്തുകൂടി പ്രഭാത സവാരി നടത്തിവന്ന വനിതാ ഡോക്ടറെ ആക്രമിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന്റെ ദൃശ്യം ലഭിച്ചുവെങ്കിലും പ്രതിയെ തിരിച്ചറിയുന്ന രീതിയിലുള്ള വ്യക്തത ദൃശ്യങ്ങള്‍ക്കില്ലായിരുന്നു. സമീപ പ്രദേശങ്ങളിലെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി രക്ഷപ്പെട്ടത് ഇന്നോവാ കാറിലാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമി കാറുമായി രക്ഷപ്പെട്ട വഴികളിലെ എല്ലാ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചും, പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയും മറ്റ് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെയും പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് ഏറെ വിവാദമായ ഈ കേസ്സിലെ പ്രതി വലയിലായത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് വളരെ കൃത്യതയാര്‍ന്ന ശാസ്ത്രീയ അന്വേഷണമാണ് പോലീസ് നടത്തിയത്. സംഭവത്തിന് ശേഷം തിരിച്ചറിയാതിരിക്കാന്‍ മുടി മൊട്ടയടിച്ച് വേഷം മാറിനടന്ന ഇയാളെ ഷാഡോ പോലീസ് നിരന്തരം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതി ഇയാളാണെന്ന് സ്ഥിരീകരിച്ച് കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി കമ്മീഷണര്‍ അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനരാജ്, പേരൂര്‍ക്കട എസ്എച്ച്ഓ ആസാദ് അബ്ദുള്‍കലാം,മ്യൂസിയം എസ്.ഐ. ജിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ ടീം ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന്പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ചും സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് കമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *