കുഞ്ഞിനെ ചവിട്ടെയെറിഞ്ഞ മുഹമ്മദ് ശിഹ്ഷാദ് 14 ദിവസം റിമാന്റില്‍. ചവിട്ടുന്നതിന് മുമ്പ് തലയ്ക്കടിച്ചു…റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്

കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ചസംഭവത്തില് പ്രതി ശിഹ്ഷാദിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതി നടത്തിയത് നരഹത്യാ ശ്രമമാണെന്നും കുട്ടിയെ ചവിട്ടി വീഴ്ത്തും മുമ്പ് കൈ കൊണ്ട് തലയ്ക്കിടിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് എടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിനെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രകോപനമില്ലാതെ കുട്ടിയെ മര്‍ദ്ദിച്ച പ്രതി ലഹരിക്കടിമയാണോയെന്നും പോലീസ് പരിശോധിക്കും. ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് അതിദാരുണമായി മര്‍ദ്ദനമേറ്റത്. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയതും പോലീസില്‍ വിവരമറിയിച്ചതും.