മൊറോക്കോയെ കീഴടക്കി ഫ്രാന്‍സ് വീണ്ടും ലോകകപ്പ് ഫൈനലില്‍

ബെല്‍ജിയം, സ്പെയിന്, പോര്‍ച്ചുഗല്‍.. ലോകഫുട്ബോളിലെ അതികായരെ അട്ടിമറിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ നടത്തിയ ജൈത്രയാത്ര ലോകചാമ്പ്യന്മാര്ക്ക് മുന്നില്‍ അവസാനിച്ചു. സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഫ്രാന്‍സിനോട് മൊറോക്കോ പരാജയപ്പെട്ടത്. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫൈനലിലെത്തി. അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളി.
മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ മൊറോക്കന്‍ ഗോള്‍വല കുലുക്കാന്‍ ഫ്രാന്‍സിന് സാധിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച ബോള്‍ ഉഗ്രന്‍ ആക്രോബാറ്റിക് ഇടങ്കാലനടിയില്‍ തിയോ ഹെര്‍ണാണ്ടസ് ആണ് ഗോളാക്കിയത്. 79ാം മിനുട്ടില്‍ റണ്ടല്‍ കൊളോ മുവാനിയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. സൂപ്പര്‍സബായി എത്തിയയുടനെയായിരുന്നു ഈ ഗോള്‍.