രാഹുല്‍ ഗാന്ധിക്ക് എതിരെയുളള സരിത നായരുടെ തിരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീം കോടതി തള്ളി

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നല്‍കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *