നഗരസഭാ കൗണ്‍സിലര്‍ ഡി ആര് അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. അനിലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു

നഗരസഭാ കൗണ്‍സിലര്‍ ഡി ആര് അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അനിലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗിച്ചു. ഓഫീസിന്റെ ചില്ലും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ഡി ആര് അനിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തില്‍ അനിലിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ട് വനിത പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും അടിച്ചുതകര്‍ത്തത് നഗരസഭയുടെ റസ്റ്റ് ഹൗസാണെന്നും തന്റെ ഓഫീസ് അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡി ആര് അനില്‍ പ്രതികരിച്ചു.