വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പോലീസ് സേനയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസ് ഇടുക്കി എസ്പി വി യു കുര്യോക്കോസ് പൊലീസുകാരന് കൈമാറി. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചതിന് വലിയ വിലയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പിവി ഷിഹാബിന് നല്‍കേണ്ടി വന്നിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 30ന് നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ഷിഹാബ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചെയായിരുന്നു മോഷണം നടത്തിയത്. രാവിലെ കടതുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ഷിഹാബായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.