ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിനെ 5 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡിയുടെ 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണം. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ഇടവേള നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതില്‍ പറഞ്ഞു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. തന്നെ 12 മണിക്കൂര്‍ ചോദ്യം ചെയ്തെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഇത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്.
ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ഇന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ശിവശങ്കര്‍.

നീണ്ട ചോദ്യം ചെയ്യലിന്നൊടുവില്‍ ഇന്നലെ രാത്രി 11.30 ഓടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവ ശങ്കറിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. ലോക്കറില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയാണ് എം ശിവ ശങ്കറിന്റെ അറസ്റ്റില്‍ നിര്‍ണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴ പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. അതിനാല്‍ കുറ്റസമ്മത മൊഴിയില്ലാതെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്

Leave a Reply

Your email address will not be published. Required fields are marked *