അലി അബ്ദുള്ള ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന്

ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി എൻ. അലി അബ്ദുള്ളയെ തെരഞ്ഞെടുത്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ബുധനാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഏകകണ്ഠമായി പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയാണ് അലി അബ്ദുള്ള.
സംസ്ഥാനത്ത് അനാഥ-അഗതികളായ വയോജനങ്ങൾ, ശാരീരിക വൈകല്യമുള്ളവർ, മാനസിക രോഗബാധിതർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന ക്ഷേമസ്ഥാപനങ്ങൾക്ക് അംഗീകാരാം കൊടുക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബോർഡിനാണ് പുതിയ ചെയർമാൻ. സംസ്ഥാനത്ത് ബോർഡിന്റെ അംഗീകാരത്തോടെ വിവിധ എൻജിഒകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിൽ ഒരു ലക്ഷത്തോളം പേരെ താമസിപ്പിച്ച് സംരക്ഷിച്ചുവരുന്നു. സംസ്ഥാനത്ത് ബോർഡിൻറെ അംഗീകാ രത്തോടെ രണ്ടായിരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
എ എം ആരിഫ് എംപിയുടെ അധ്യക്ഷതയിലായിരുന്നു ബോർഡ് യോഗം. യോഗത്തിൽ ബോർഡ് അംഗങ്ങളായ പി ടി എ റഹീം എംഎൽഎ, വി ആർ സുനിൽ കുമാർ എംഎൽഎ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എം അഞ്ജന ഐഎഎസ്, മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ, ഫാദർ റോയ് മാത്യു വടക്കേൽ, ഡോ. പുനലൂർ സോമരാജൻ, ഫാദർ ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ മെറിൻ, സിസ്റ്റർ വിനീത, നസീമ ജമാലുദ്ദീൻ, സുമലത മോഹൻദാസ് എന്നിവർ പങ്കെടുത്തു.