കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തൽ: കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് ഉടമ, ഉണ്ടെങ്കില്‍ തെളിയിക്കണമെന്നും ആവശ്യം

കോട്ടയം: കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ബലക്ഷയമുണ്ടെങ്കില്‍ തെളിയിക്കണമെന്നാവശ്യപ്പെട്ട് കെട്ടിടത്തിന്റെ ഉടമ. കെട്ടിടത്തിനെതിരെ വ്യാപകമായി തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഉടമയായ ഉഴവൂര്‍ സ്വദേശി സ്റ്റീഫന്‍ ജോസഫ് ആവശ്യപ്പെട്ടു.
10 വര്‍ഷമായി കോട്ടയം പാസ്‌പോര്‍ട്ട് ഓഫീസ് സ്റ്റീഫന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള നാഗമ്പടത്തെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ മാസം 14ന് ഓഫീസില്‍ വന്ന കറുകച്ചാല്‍ സ്വദേശിയെകൊണ്ട് പരാതി നല്‍കി കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ എത്തിച്ച് 16ന് സ്ഥാപനം നിര്‍ത്തുവാന്‍ ഉത്തരവ് ഇറക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് സംശയമുണ്ടെന്നും സ്റ്റീഫന്‍ ആരോപിച്ചു. ബലക്ഷയത്തെ തുടര്‍ന്ന് കെട്ടിടം പരിശോധിച്ച സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് വിശദമായ പരിശോധന വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സിപിഡബ്ലുഡി പരിശോധന നടത്തിയത് പതിനഞ്ചാം തിയതിയാണെങ്കിലും റിപോര്‍ട്ടില്‍ 14ന് പരിശോധിച്ചുവെന്നാണ് പറയുന്നത്. ഇതില്‍ ദുരുഹതയുണ്ടെന്ന് സ്റ്റീഫന്‍ പറയുന്നു.
തന്റെ കെട്ടിടത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് ഓഫീസ് മാറ്റുന്നതില്‍ വിരോധമില്ല. പക്ഷേ തന്റെ അധ്വാനം മുഴുവന്‍ മുടക്കി പണിത കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് വരുത്തിയതോടെ തീര്‍ന്നത് തന്റെ ജീവിതമാര്‍ഗമാണെന്നും സ്റ്റീഫന്‍ പറഞ്ഞു. അതേസമയം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് സ്റ്റീഫനെ ഇതേ വരെ അധികൃതര്‍ രേഖാമൂലം അറിച്ചിട്ടില്ല. കെട്ടിടത്തിന് ബലക്ഷയം ഉണ്ടോ എന്നത് വിദഗ്ധ സമിതിക്ക് അന്വേഷിക്കാമെന്നും ഇദ്ദേഹം പറഞ്ഞു.