ഏവരെയും ചിരിപ്പിച്ച സുബി ഒടുവില്‍ കരയിപ്പിച്ചു, വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വിയോഗം

നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടനും സുഹൃത്തുമായ ടിനി ടോം. കൊച്ചി രാജഗിരി ആശുപത്രിയില്‍ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് സുബിയ്ക്ക് രോഗം ബാധിച്ചതെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹകാര്യം തീരുമാനത്തിലെത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. പതിനേഴ് ദിവസത്തോളമായി സുബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സുബിയുടെ സുഹൃത്താണ് തന്നെ ഇക്കാര്യം അറിയിച്ചത്. പുറത്ത് അധികം ആരെയും വിവരം അറിയിച്ചിരുന്നില്ല.

കരള്‍ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി പലരുമായും ബന്ധപ്പെട്ട് എട്ടുദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്.കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടാവുകയും മറ്റ് അവയവങ്ങളിലേയ്ക്ക് പകരുകയും ചെയ്തു. രക്തസമ്മര്‍ദ്ദവും ഉയര്‍ന്നു. അതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. കഴിഞ്ഞദിവസം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, പക്ഷേ രക്ഷിക്കാനായില്ലെന്ന് ടിനി ടോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *