സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പല വഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നു. 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയാണ് പരിഗണനയില്‍. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാനായാല്‍ ശമ്പള ഇനത്തില്‍ 50 ശതമാനം ലാഭിക്കാമെന്നാണ്കണക്കു കൂട്ടല്‍. ഇതിനായി 1080 കോടിയുടെ പ്രൊപ്പോസല്‍ കെ എസ് ആര്‍ ടി സി ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.
വി ആര്‍ എസ് എടുക്കുന്നവര്‍ക്ക് 10 മുതല്‍ 15 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം. വിരമിക്കല്‍ പ്രായത്തിന് ശേഷമായിരിക്കും ഈ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക. ആകെ 24000ല്‍ അധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറച്ച് ജീവനക്കാര്‍ വിആര്‍എസ് എടുക്കുന്നതോടെ ശമ്പള പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേക്കുമെന്നാണ് വിലയിരുത്തല്‍.