ഭോപ്പാല്‍ ദുരന്തം: അധിക നഷ്ടപരിഹാരം വേണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഭോപ്പാല്‍ വിഷവാതക ദുരന്ത ഇരകള്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍സില്‍ നിന്ന് അധിക നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1984 ലെ ദുരന്തത്തിന്റെ ഇരകള്‍ക്ക്, 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരം അനുവദിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ദുരന്തംനടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷം നഷ്ടപരിഹാരം സംബന്ധിച്ച് ഇങ്ങനെ ആവശ്യമുന്നയിച്ച കേന്ദ്ര നടപടിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. നഷ്ടപരിഹാര തുകയില്‍ കുറവുണ്ടെങ്കില്‍ അത് നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.