മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു, മനംനൊന്ത് അമ്മയും മൂത്ത മകനും ജീവനൊടുക്കി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മകനും ജീവനൊടുക്കി. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന് ലിന് ടോം എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഇടുക്കി
ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്. നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാല്‍ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് മകനുമായി ജീവനൊടുക്കുകയായിരുന്നു. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കണ്ടില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റില്‍ രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.