മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി

ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്സഭാ സീറ്റില്‍ നിന്നുള്ള എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി.
രേണുക കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയിലെത്തിയിരുന്നു. കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിര്‍ദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയില്‍ അദ്ദേഹം സാങ്കേതികമായി തുടരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറങ്ങിയത്.
അപകീര്‍ത്തിക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് രണ്ടു വര്‍ഷം തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു കേസ്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് അപകീര്‍ത്തി കേസ് നല്‍കിയത്. അപ്പീല്‍ നല്കാന് 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.
കോടതി വിധിയില്‍ അപ്പീല്‍ നല്കാന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.