വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വിധി പറയാന്‍ മാറ്റി. കേസില്‍ ഇരുകക്ഷികളുടെയും വാദം ഇന്ന് പൂര്‍ത്തിയായി. വാദത്തിനിടെ കേസ് സിബിഐക്ക് കൈമാറാന്‍ കഴിയില്ലേ എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആര്‍ക്കും പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറേണ്ട കാര്യമില്ല.
വധഗൂഡാലോചനക്കേസ് തനിക്കെതിരേ കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. രാവിലെ ഹര്‍ജിയിലെ വാദത്തിനിടെ സംവിധായകന് ബാലചന്ദ്രകുമാറിനെതിരേയും ചില ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയതിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.
എന്നാല്‍ കോടതിയുടെ ഈ ചോദ്യങ്ങള്‍ നിലവില്‍ പ്രസക്തമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മറുപടി നല്കി.