ഇന്നസെന്റ് അന്തരിച്ചു

നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകൻ: സോണറ്റ്.