ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പൂട്ടാനിറങ്ങിയവര്‍ക്ക് നിരാശ

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പൂട്ടാനിറങ്ങിയവര്‍ക്ക് നിരാശ. കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയാണ് കാരണം.
കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായതോട കേസ് ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രിക്കും ആശ്വാസമായി. ഇന്നലെ മുതല്‍ പ്രധാന വാര്‍ത്താചാനലുകള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള വിധി ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയായിരുന്നു.അവിടേക്കാണ് മുഖ്യമന്ത്രിക്കാശ്വാസവാര്‍ത്തയുമായി കേസ് ഫുള്‍ബെഞ്ചിന് വിട്ടത്.
ന്യായാധിപരില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും മറ്റൊരാള്‍ എതിര്‍ത്തും വിധിയെഴുതി. കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത.

ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരായ കേസില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ലോകായുക്തയെ സമീപിക്കുകയായിരുന്നു.

അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചതിലും ചെങ്ങന്നൂരില്‍ എംഎല്‍എയായിരിക്കെ അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണിന്റെ ഭാര്യയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചത് എന്നിങ്ങനെ നടപടികളില്‍ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നും ഈ തുക അന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്നുമായിരുന്നു ഹര്‍ജി.
വിധി എതിരായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നുള്ള രീതിയില്‍ പ്രചാരണം നടത്താനിരുന്ന പ്രതിപക്ഷത്തിനും വിധി തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *