തിരുവനന്തപുരം: കുടിവെള്ളത്തിന് നാളെ മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് പിന്നാലെ കുടിവെള്ളത്തിനു ഉള്‍പ്പെടെയുള്ളവയ്ക്ക് വില കൂടുന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമാകും. കുടിവെള്ളത്തിന്റെ അടിസ്ഥാനനിരക്കില്‍ 5% വര്‍ദ്ധനയാണ് നാളെ മുതല്‍ നിലവില്‍ വരിക. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തില്‍ വര്ദ്ധനവരുത്തിതുടങ്ങിയത്. അതാണ് ഈ സാമ്പത്തികവര്‍ഷത്തിലും ഉണ്ടാകാന്‍ പോകുന്നത്.
കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് കേരളത്തിന്റെ കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികളില്‍ ഒന്നാണ് കുടിവെള്ളത്തിന്റെ അടിസ്ഥാനനിരക്കില്‍ 5%വര്ദ്ധനവരുത്തുകയെന്നത്. കേന്ദ്രത്തിന്റെ അനുമതിക്കായി ഇത്തരം ഒരു ഉത്തരവിറക്കിയെങ്കിലും ചാര്‍ജ്ജ വര്ദ്ധനനടപ്പിലാക്കില്ലെന്നായിരുന്നു അന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞിരുന്നത്. പക്ഷേ അതൊക്കെ മറികടന്നുകൊണ്ട് കഴിഞ്ഞവര്‍ഷം തന്നെ 5% വര്‍ദ്ധന കുടിവെള്ള നിരക്കില്‍ വരുത്തി. അതേ നില ഇക്കുറിയും സ്വീകരിച്ചിട്ടുണ്ട്.
കുടിവെള്ളത്തിന്റെ അടിസ്ഥാനനിരക്കില്‍ 5% വര്ദ്ധനവരുന്നതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്റര്‍ വെള്ളത്തിന് 4 രൂപ 41 പൈസ ചെലവാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കും വര്‍ദ്ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതില്‍ ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ദ്ധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുതല്‍ 15 രൂപ 44 പൈസ വരെ വര്‍ദ്ധനയുണ്ടാകും. പ്രതിമാസം 15,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടരും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വര്‍ദ്ധിക്കും. വ്യാവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയായിരിക്കും പുതിയ നിരക്ക്.