2009 ല്‍ കോടതി വിധിയെ തുടര്‍ന്ന് കുശവൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസ് പാലോട് ആശുപത്രി ജംഗ്ഷനിലേക്ക് മാറ്റിയതിനെച്ചൊല്ലി പാലോട്ട് പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയ കേസില്‍ 36 പ്രതികളെ വെറുതെവിട്ടു. പാലോട് സബ് രജിസ്ട്രാര്‍ ഓഫീസ് പെരിങ്ങമ്മല പഞ്ചായത്തില്‍ നിന്ന് നന്ദിയോട് പഞ്ചായത്തിലേക്ക് മാറ്റിയതിന്റെ പേരില്‍ നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയ കേസിലാണ് നെടുമങ്ങാട് ഫോറസ്റ്റ് കോടതി വിധിയായത്.
കേസിലെ പ്രതിയായ എ.എം. മുസ്തഫ ഹൈക്കോടതിയില്‍ നിന്ന് സ്പീഡ് ട്രയലിന് അനുമതി വാങ്ങിയതോടെയാണ്14 വര്‍ഷം നീണ്ട വ്യവഹാരത്തിന് പരിഹാരമായത്. 2009 ഒക്ടോബര്‍ 18നാണ് നാട്ടുകാര്‍ അന്നുവരെ കാണാത്ത നടപടി ഉണ്ടായത്. വര്‍ഷങ്ങളായി പെരിങ്ങമ്മല വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് നന്ദിയോട്ട് പഴയ ആശുപത്രിക്കടുത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു സംഘര്‍ഷം. ഓഫീസ് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ സമരസമിതി സമരം നടത്തുകയായിരുന്നു. വന്നപാടെ പൊലീസ് ആക്ഷനിലേക്ക് കടന്നു. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് പൊലീസിന് നേരെയുണ്ടായ കല്ലേറില്‍ ഡിവൈ എസ്.പി സുകേശന് പരിക്കേറ്റു. പൊലീസ് ആക്രമണത്തില്‍ നിരവധി സ്ത്രീകള്‍ക്കും പരിക്കേറ്റു. വാഹങ്ങള്‍ക്കും കേടുപറ്റി. ഇരുചക്ര വാഹനങ്ങളുടെ പെട്രോള്‍ ടാങ്ക് ലാത്തികൊണ്ട് പൊട്ടിച്ച് പൊലീസ് മണ്ണ് വാരിയിട്ടു. 38 പേര്‍ക്കെതിരെ പൊലീസിനെ ആക്രമിച്ച കുറ്റത്തിന് കേസെടുത്തു. 21 പൊലീസുകാര്‍ക്ക്
പരിക്കേറ്റെന്നായിരുന്നു റിപ്പോര്‍ട്ട്. 74 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ഇതില്‍ 34 പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. എന്നിട്ടും പ്രതികള്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ കഴിയാതായി. 36 പേരെ വെറുതെ വിട്ടുകൊണ്ട് നെടുമങ്ങാട് ഫോറസ്റ്റ് കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരാകത്തിനാല്‍ രണ്ട് പേരെ മാറ്റി നിറുത്തി. പ്രതികള്‍ക്കു വേണ്ടി അഡ്വ. ബി.ആര്‍.എം ഷെഫീര്‍, അഡ്വ. സഞ്ജീഷ്, അഡ്വ. ഷാജുദീന്‍ എന്നിവര്‍ ഹാജരായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. രഘുനാഥന്‍ നായര്‍, എ. ഇബ്രാഹിം കുഞ്ഞുള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നു.