കെപിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസില്‍ കെ മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ പടയൊരുങ്ങുന്നു. കെ മുരളീധരന് ശക്തമായി പിന്തുണയുമായി ശശി തരൂരും എം.കെ രാഘവനും യൂത്ത് കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കന്മാരും അണി നിരക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇതെല്ലാം ജനകീയ പ്രതിഷേധങ്ങളോ സമരങ്ങളോ ആക്കാന്‍ കഴിയില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നത്.
ശക്തരായ നേതൃത്വം ഇല്ലാത്തതാണ് കാരണമെന്നും കെ മുരളീധരനെപ്പോലെ ശക്തനായ നേതാവ് വീണ്ടും നേതൃസ്ഥാനത്തേക്ക് എത്തിക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം വൈക്കം സത്യാഗ്രഹവേദിയില്‍ കെ മുരളീധരന് സംസാരിക്കാന്‍ അവസരം നല്‍കാത്തത് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. മുരളീധരനെ പിന്തുണച്ചുകൊണ്ട് ശശി തരൂര്‍ എംപി രംഗത്തെത്തിയോതോടെ വിവാദം ഒന്നു കൂടി കൊഴുത്തു.
‘മുന്‍ കെപിസിസി അധ്യക്ഷന്മാരെന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്കും എം.എം.ഹസ്സനും പ്രസംഗിക്കാന്‍ അവസരം കൊടുത്തത്. വേറൊരു കെപിസിസി പ്രസിഡന്റ് അതേ വേദിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനും പ്രസംഗിക്കാന്‍ അവസരം കൊടുക്കേണ്ടിയിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞത് നേതൃത്വം അതി ഗൗരവത്തിലാണ് കാണുന്നത്.
മാനദണ്ഡം വച്ചിട്ടുണ്ടെങ്കില്‍ അത് പാലിക്കണ്ടേ? അദ്ദേഹത്തോടു സംസാരിച്ച് ഇതൊക്കെ ശരിയാക്കണം. മുന്‍ കെപിസിസി പ്രസിഡന്റുമാരെയാണ് പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതെങ്കില്‍ മുരളീധരനും അവസരം കൊടുക്കണമായിരുന്നു.സമയക്കുറവായിരുന്നു പ്രശ്നമെങ്കില്‍ പത്തു മിനിറ്റ് നേരത്തേ ആരംഭിക്കണമായിരുന്നു. ഇത് പാര്‍ട്ടിക്ക് അനാവശ്യമായ വിവാദമാണ്. തെറ്റു സംഭവിച്ചെന്നാണ് കരുതുന്നത്.
സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. ഇനി വരുന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവസരം ഉണ്ടാക്കണം. പാര്‍ട്ടിയെ നന്നായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സീനിയര്‍ നേതാക്കളെ അവഗണിക്കരുത്” ശശി തരൂര്‍ പറഞ്ഞു.
തന്നെ കോണ്‍ഗ്രസ് വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് കെ മുരളീധരനും. തന്നെ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്നും അദ്ദേഹം പറയുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുമെന്ന് ഉറപ്പാണ്.