സാമൂഹ്യനീതി കൂട്ടായ്മ പ്രതിപക്ഷ ഐക്യവേദിയായി; ജാതി സെന്‍സസ് നടത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കും

ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍. ഓള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ‘സോഷ്യല്‍ ജസ്റ്റിസ്, ദ റോഡ് എഹെഡ്’ എന്ന പരിപാടിയില്‍ സംസാരിച്ച പ്രതിപക്ഷ നേതാക്കള്‍ ജാതി സെന്‍സസിന് പിന്തുണ നല്‍കി. ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ സ്ഥാപിച്ച ഓള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ പരിപാടി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഇതര കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ആദ്യ പടിയായും വിലയിരുത്തപ്പെടുന്നു. സ്റ്റാലിന്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
സാമൂഹിക നീതി വിഷയമാണ് പരിപാടി ഉയര്‍ത്തുന്നതെന്ന് ഡി.എം.കെ നേതാക്കള്‍ വിശദീകരിച്ചെങ്കിലും തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയ്ന്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍ യോഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി. പരിപാടി രാഷ്ട്രീയ വേദിയാണെന്ന് കരുതണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും അണി ചേരണമെന്നും ഒബ്രെയ്ന്‍ അഭ്യര്‍ത്ഥിച്ചു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ചിലര്‍ മാറിനില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, എം.ഡി.എം.കെ നേതാവ് രാമദാസ് തുടങ്ങിയവര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്തു.ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനും തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര റാവു, എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ പ്രതിനിധികളെയാണ് അയച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയുടെ പ്രതിനിധിയായാണ് ഡെറിക് ഒബ്രെയ്ന്‍ പങ്കെടുത്തത്.