60 ലക്ഷം പേര്‍ക്കുള്ള കൈനീട്ടം; വിഷു പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ 3200 രൂപ ഒന്നിച്ച് അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: രണ്ട് മാസത്തേക്കുള്ള ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഒന്നിച്ച് വിതരണം ചെയ്യാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്നാണ് വിവരം. 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍ 10 മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി വാര്‍ത്താകുറിപ്പിലൂടെ പ്രസ്താവിച്ചു

മുന്‍പ് ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 8.5ശതമാനം പലിശയ്ക്ക് 800 കോടി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കുടിശിക നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിച്ചിരുന്നു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ കമ്പനി എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ പൊതുകടത്തിന്റെ കണക്കില്‍പെടുത്തുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്. ഇതോടെ പെന്‍ഷന്‍ കുടിശികയായി. തുടര്‍ന്നാണ് സഹകരണ ബാങ്കുകളെ സമീപിച്ചത്.

ഡിസംബര്‍ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചവര്‍ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കിയവര്‍ക്കേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ സാധിക്കൂ എന്നും അറിയിപ്പുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *