രാഹുലിന് ഐക്യദാര്‍ഢ്യം: രാജ്ഭവനു മുന്നില്‍ യുഡിഎഫ് സത്യഗ്രഹം

തിരുവനന്തപുരം: ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യത കല്‍പിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, അദാനിക്കു പൊതുസമ്പത്തു കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുന്നുവെന്ന് ആരോപിച്ചും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ച ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യത്തിനു നേര്‍ക്കു മറ്റൊരു കടന്നാക്രമണം നടത്തിയിരിക്കുകയാണെന്നു താരിഖ് അന്‍വര്‍ പറഞ്ഞു. ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ ഏതറ്റം വരയുള്ള പോരാട്ടവും തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണു രാജ്യദ്രോഹമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭയാശങ്കയോടെയാണു വര്‍ഗീയ ശക്തികള്‍ രാഹുല്‍ ഗാന്ധിയെ നോക്കിക്കാണുന്നതെന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി.കാപ്പന്‍, സി.പി. ജോണ്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, സലിം പി.മാത്യു, രാജന്‍ ബാബു, ജോണ്‍ ജോണ്‍, കെ.മനോജ്, പാലോട് രവി, പി.കെ. വേണുഗോപാല്‍, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *