ട്രെയിന്‍ തീവയ്പ്: തീവ്രവാദ ബന്ധം തള്ളാതെ എന്‍ഐഎ

എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസില്‍ സംസ്ഥാനാന്തര ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് തള്ളാനാകില്ലെന്നും നിഗമനം. പ്രാഥമിക അന്വേഷണത്തിനു ശേഷം എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്കി. ഒരാഴ്ചയായി എന്‍ഐയുടെ സമാന്തര അന്വേഷണം ഏകോപിപ്പിക്കുന്ന അന്വേഷണ തലവന്‍ ഡല്‍ഹിയിലേക്കു മടങ്ങി. വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷം കേസ് ഏറ്റെടുക്കുന്നതാണ് എന്‍ഐഎ പരിഗണിക്കുന്നത്.
നിലവില്‍ കേരള പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും പൊലീസിന്റെ അന്വേഷണത്തിനു സമാന്തരമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം നടത്തിയിരുന്നു. യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിന്റെ തീവ്രത, സ്വഭാവം, ഗൗരവം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎക്കു നിര്‍ദേശം നല്‍കിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ചുള്ള വിശദവിവരങ്ങളും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തിനു സംസ്ഥാനാന്തര ബന്ധമുണ്ടെന്നും തീവ്രവാദ സാധ്യത തള്ളാനാകില്ലെന്നുമാണ് എന്‍ഐഎ വിലയിരുത്തല്‍
സംഭവമുണ്ടായതിനു ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് എന്‍ഐഎയുടെ പ്രാഥമിക അന്വേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത് എന്‍ഐഎ ഡിഐജി കാളിരാജ് മഹേഷ് ആയിരുന്നു. അദ്ദേഹം ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലേക്കു മടങ്ങി. സംസ്ഥാന പൊലീസ് മേധാവി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എഡിജിപി എം.ആര്.അജിത്കുമാര്‍ ഓരോ ദിവസത്തെ അന്വേഷണ പുരോഗതി സംബന്ധിച്ചു കാളിരാജ് മഹേഷിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്
ആക്രമണമുണ്ടായ എലത്തൂരിലും ട്രെയിനിന്റെ കോച്ചിലും സംഘങ്ങള്‍ പരിശോധന നടത്തിയിരുന്നു. ഷാറുഖ് സെയ്ഫിയെ കുറിച്ച് ഡല്‍ഹിയിലും മറ്റും നടത്തിയ വിശദ അന്വേഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ എന്‍ഐഎ കേസ് ഏറ്റെടുക്കൂ. കേരള പൊലീസിന് അന്വേഷണത്തിനു സമയം നല്‍കിയില്ല എന്ന ആക്ഷേപം ഒഴിവാക്കാനായി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കാനാണു തീരുമാനം. എന്‍ഐഎക്കു പുറമേ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്(റോ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥരും ഏതാനും ദിവസങ്ങളായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്നുണ്ട്.