വക്കീല്‍ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് കെ കെ രമ

തിരുവനന്തപുരം: രണ്ടു ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎല്‍എ. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകും. സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ പറഞ്ഞു. കൈക്ക് പൊട്ടലില്ലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംവി ഗോവിന്ദനും സച്ചിന്‍ ദേവ് എംഎല്‍എക്കും രമ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്ത് സ്ത്രീപക്ഷമാണ് ഇവിടെ. ഒരു എം എല്‍ എ യുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താണ് ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസ് എടുക്കും. ഭരണപക്ഷത്ത് ഉള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതിയെന്നും അവര്‍ പറഞ്ഞു.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്ന് രമ വ്യക്തമാക്കി. രമയുടെ കൈക്ക് പരിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കൈക്ക് പൊട്ടലിന് ചികിത്സ തേടിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയും സച്ചിന്‍ ദേവ് എംഎല്‍എയുമടക്കം രമയ്‌ക്കെതിരെ രംഗത്ത് വന്നത്. ഇരുവരുടെയും പ്രസ്താവന തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും, മാപ്പ് പറയാത്ത പക്ഷം മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും കെ കെ രമ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *