ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കെ. മുരളീധരന്‍ എം.പി.

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍ എം.പി. ഈ പിന്മാറ്റം ഏതെങ്കിലും വിധത്തിലുള്ള അസംതൃപ്തി മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തോളം തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഇനി പുതിയ ആള്‍ക്കാര്‍ വരട്ടെ. തന്നെപ്പോലുള്ളവര്‍ മാറിനില്‍ക്കാമെന്ന് പറയുന്നത് അതിനാലാണെന്നും ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന്റെ സേവനം പാര്‍ട്ടി ഉപയോഗിക്കണമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകും. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാലാകാലങ്ങളില്‍ വിട്ടുപോയ പാര്‍ട്ടികളെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. പഴയ ശക്തി കോണ്‍ഗ്രസിനില്ല എന്നുള്ളത് സത്യമാണെങ്കിലും രാജ്യത്ത് ചലനമുണ്ടാക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. അതുകൊണ്ടു തന്നെ എല്ലാ മതേതര പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് മുരളീധരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: രാജ്യത്ത് ബി.ജെ.പി തൊടാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന് ബി.ജെ.പിയുമായും അമിത് ഷായുമായുമെല്ലാം നല്ല ബന്ധമാണ്. അതുകൊണ്ട് അതാരാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം

Leave a Reply

Your email address will not be published. Required fields are marked *