ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ ഇടപെടല്‍ നടത്തുമെന്ന് വേണുഗോപാല്‍ അറിയിച്ചു. ബിജെപിയുടെ ശ്രമം വോട്ട് തട്ടാന്‍ മാത്രമാണ്. ക്രൈസ്തവ നേതാക്കളുടെ നിവേദം വാങ്ങാന്‍ പോലും മന്ത്രിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ക്രൈസ്തവരുടെ മനസ്സില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ ബിജെപി നേതാക്കളുടെ ഭവന സന്ദര്‍ശനത്തിന് കഴിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസിനുള്ളത്. പിതാക്കന്‍മാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യത്തിന്റെ കാര്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാല്‍, വന്ദേ ഭാരത് വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചു. എല്ലാം ഉദ്ഘാടനം ചെയ്യുന്നത് മോദിയാണ്. റെയില്‍വെ മന്ത്രിക്ക് പോലും അവസരമില്ലെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

അതിനിടെ, ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ കോണ്‍ഗ്രസ്സില്‍ ആശങ്ക ഉന്നയിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. പാര്‍ട്ടിയുടെ എല്ലാകാലത്തെയും വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സ്വാധീനീക്കാനുള്ള ബിജെപി ശ്രമത്തില്‍ ജാഗ്രത വേണം, ചില മതമേലധ്യക്ഷന്മാരുടെ മോദി അനുകൂല പ്രസ്താവനകളും ഗൗരവം കൂട്ടുന്നുവെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടന്‍ ചേരണമെന്നും ആവശ്യപ്പെടുന്നു. പല വിവാദവിഷയങ്ങളുണ്ടായിട്ടും രാഷ്ട്രീയകാര്യ സമിതി ചേരാത്തതിലെ അതൃപ്തിയും എ ഗ്രൂപ്പ് പങ്ക് വെക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *