ഷാരൂഖ് സെയ്ഫിക്ക് എതിരേ യു.എ.പി.എ കേസുകൂടി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് ഫക്രുദ്ദീന്‍ സെയ്ഫിക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യു.എ.പി.എ) ചുമത്തി. വധശിക്ഷവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു പ്രതിക്കെതിരേ ചുമത്തിയത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരമുള്ള ഭീകരപ്രവര്‍ത്തനം നടത്തിയെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിക്ക് നല്കി.
കേസില്‍ യു.എ.പി.എ ചുമത്തിയതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കും. സംഭവത്തില്‍ ഭീകരബന്ധമുണ്ടെന്നു കൊച്ചി എന്‍.ഐ.എ. ബ്രാഞ്ച് എന്‍.ഐ.എ. ഹെഡ്ക്വാര്‍ട്ടേഴ്സിന് കഴിഞ്ഞ 13 നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തീവയ്പ് നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണു കേസില്‍ യു.എ.പി.എ വകുപ്പ് ചേര്‍ത്തുന്നത്. ഐ.പി.സി 307,326 എ, 436,438, റെയില്‍വേ ആക്ട് 151 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസില്‍ എഫ്.ഐ.ആര്. ചുമത്തിയിരുന്നത്.
കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഷാരൂഖിനെക്കുറിച്ചുള്ള പ്രാഥമിക വിവരം ലഭിച്ച ഉടനെ ഷഹീന് ബാഗിലെ പ്രതിയുടെ വീട്ടില്‍നിന്നും ബന്ധുക്കളില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഷഹീന്‍ബാഗ് സ്വദേശിയായ പ്രതിക്ക് കോഴിക്കോട്ട് എലത്തൂരിലെത്തി ട്രെയിനിന് തീവയ്ക്കാന്‍ ലഭിച്ച ബാഹ്യസഹായങ്ങള്‍ എന്തൊക്കെയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളെയും ഇതര സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ അന്വേഷണ സംഘങ്ങളെയും പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തിയതും വിവാദങ്ങള്‍ക്ക് വഴിവച്ചു.