വരുന്നു 80 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൂടി, ദീര്‍ഘദൂരയാത്രകളും ഇനി അതിവേഗം

വന്ദേ ഭാരത് മാതൃകയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനുകള്‍ രാജ്യത്ത് വ്യാപകമാക്കുന്നതിനു മുന്നോടിയായി റെയില്‍വേ മുന്നോട്ട്. പൊതുമേഖലാ സ്ഥാപനമായ ഭേലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വന്ദേ ഭാരത് മാതൃകയിലുള്ള 80 സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. വന്ദേഭാരത് പ്ലാറ്റ്ഫോമിലുള്ള 200 ട്രെയിനുകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ ടെന്‍ഡര്‍ വിളിച്ചത്. ഈ ലേലത്തിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഭേലും ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ട്രെയിന്‍ നിര്‍മാതാക്കളായ ടിട്ടാഗഡും ചേര്‍ന്ന കണ്‍സോര്‍ഷ്യം.
ആറു വര്‍ഷത്തിനകമാണ് 80 ട്രെയിനുകള്‍ നിര്‍മിച്ച് കൈമാറേണ്ടത്. ഇതോടൊപ്പം ഈ ട്രെയിനുകള്‍ 35 വര്‍ഷത്തയ്ക്ക് പരിപാലിക്കുകയും വേണം. ഒരു ട്രെയിനിന് 120 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ക്വോട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ചിട്ടുള്ള റെഗുലേറ്ററി ഫയലിങില്‍ ഭേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കാനായി റെയില്‍വേ ക്ഷണിച്ച ടെന്‍ഡറില്‍ റഷ്യന്‍ കമ്പനിയായ ട്രാന്‍സ്മാഷ്ഹോള്‍ഡിങും പൊതുമേഖലാ സ്ഥാപനമായ ആര്‍വിഎന്‍എലും അടങ്ങുന്ന കണ്‍സോര്‍ഷ്യമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. ഈ കമ്പനിയ്ക്ക് 120 ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍മിക്കാനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ലേലത്തിലെ നിബന്ധനകള്‍ അനുസരിച്ചാണ് രണ്ടാം സ്ഥാനക്കാരായ ഭേല്‍ കണ്‍സോര്‍ഷ്യത്തിന് 80 ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ചുമതല നല്‍കുന്നത്. റെയില്‍വേയുമായി മൊത്തം 23,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്ന് ഭേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 9,600 കോടി രൂപ 80 ട്രെയിനുകളുടെ വിലയാണ്. ശേഷിക്കുന്ന തുക ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കും.
മണിക്കൂറില്‍ പരമാവധി 176 കിലോമീറ്റര്‍ വേഗമാര്‍ജിക്കുന്ന ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുകയെന്ന് കമ്പനി അറിയിച്ചു. ട്രെയിനിന്റെ ട്രാക്ഷന്‍ കണ്‍വര്‍ട്ടര്‍ – ഇന്‍വര്‍ട്ടര്‍, ഓക്സിലറി കണ്‍വര്‍ട്ടര്‍, ട്രെയിന്‍ കണ്ട്രോള് മാനേജ്മെന്റ് സിസ്റ്റം, മോട്ടറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, മെക്കാനിക്കല്‍ ബോഗികള്‍ എന്നിവയായിരിക്കും ഭേല്‍ നിര്‍മിക്കുക. ബെംഗളൂരുവിലും ഭോപ്പാലിലും ഝാന്സിയിലുമുള്ള കേന്ദ്രങ്ങളിലായിരിക്കും നിര്‍മാണം. അതേസമയം, മെക്കാനിക്കല്‍ കോച്ചിന്റെ നിര്‍മാണമായിരിക്കും പങ്കാളിയായ ടിട്ടാഗഡിന്റെ പ്രധാന ചുമതല. നിലവില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പല മെട്രോ ശൃംഖലകള്‍ക്കും ഈ കമ്പനി ട്രെയിന്‍സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. നിലവില്‍ വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരിക്കും പുതിയ സ്ലീപ്പര്‍ ട്രെയിനുകളും അസംബിള്‍ ചെയ്യുക. ഇരുകമ്പനികളും ചേര്‍ന്ന് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കും.