കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യത, പുതിയ സ്ഥലം കണ്ടെത്തും: മന്ത്രി ശശീന്ദ്രന്‍

അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. പുതിയ സ്ഥലം കണ്ടെത്തി വനംവകുപ്പ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പ്രശ്‌നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും വനം മന്ത്രി പറഞ്ഞു.

അതിനിടെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് സമരപരിപാടികള്‍ ശക്തമാക്കാന്‍ ജനകീയ സമിതി തീരുമാനിച്ചു. പാലക്കാട് മുതലമട പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ക്ക് ഇന്ന് രൂപം നല്‍കും. പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്ക അറിയിച്ച് നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടുവിടണമെന്ന കാര്യത്തില്‍ ഹൈക്കോടതിക്ക് നിര്‍ബന്ധമില്ലെന്ന ഉത്തരവ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ വീണ്ടും ആശങ്കയായി. അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ലെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും അരിക്കൊമ്പന്റെ വരവ് പറമ്പിക്കുളത്തേക്കാകുമോ എന്നതാണ് പലരുടെയും സംശയം. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ തല്‍ക്കാലം സമരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികള്‍ തുടര്‍ന്നു.

സര്‍ക്കാരില്‍ നിന്നും രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരപരിപാടികള്‍ പിന്‍വലിക്കില്ലെന്നായിരുന്നു ജനകീയസമിതിയുടെ നിലപാട്. നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ ആലോചിക്കുന്നതായി സര്‍വകക്ഷി സംഘം അറിയിച്ചു. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *