ഭീഷണി വേണ്ട, മന്ത്രിമാരുടെ പേഴ്സണൽസ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമസഭ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയും എകെജി സെന്ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നോട്ടീസ് നല്‍കാന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ. ചീഫ് ജസ്റ്റിസിന് യാത്രയപ്പ് നല്‍കിയത് വിചിത്രമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ മൂന്നു പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കാണ് നോട്ടീസ് കിട്ടിയത്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് നോട്ടീസ്. കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎല്‍എമാരുടെ പി എ മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നേരത്തേ നോട്ടീസ് അയച്ചിരുന്നു.