പ്രധാനമന്ത്രിയെ കൊച്ചിയില്‍ സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും എത്തില്ല

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊച്ചിയില്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല. അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാന്‍ എത്താത്തത്. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പകരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി. രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകും.
സാധാരണഗതിയില്‍ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയല്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങള്‍ക്ക് വിഷയമല്ല. മോദിയുടെ സന്ദര്‍ശനം ജനങ്ങള്‍ ഏറ്റെടുത്തതിനാല്‍ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണെന്നും’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍ നിന്ന് കൊച്ചി വില്ലിങ്ടണ്‍ ദ്വീപിലെ നാവികസേന വിമാനത്താവളത്തില്‍ വൈകിട്ട് അഞ്ചിനാണ് മോദി എത്തുക. 5.30 ന് തേവര ജംഗ്ഷന് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് യുവം 2023 പരിപാടിയില്‍ പങ്കെടുക്കും. 7.45 ന് വില്ലിങ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണ് താമസവും.
സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്നാനായ സഭകള്‍, കല്‍ദായ, ക്നാനായ കത്തോലിക്ക സഭ, ക്നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക. ചൊവ്വാഴ്ച രാവിലെ 9.25 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 10.15 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30 ന് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വെ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല