ട്രെയിന്‍ തീവയ്പ്: പ്രതി കേരളത്തിലെത്തിയ ശേഷം ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കി

എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫി കേരളത്തിലെത്തിയ ശേഷം തുടര്‍ച്ചയായി ബന്ധപ്പെട്ടവരുടെ പട്ടിക കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തയാറാക്കി. ഏപ്രില്‍ 2നാണു തീവയ്പുണ്ടായതെങ്കിലും ഷാറുഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സാന്നിധ്യം അതിനു രണ്ടാഴ്ച മുന്‍പു തന്നെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഊര്‍ജിതമാക്കി.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷാറുഖ് തന്നെയാണോ സംഭവത്തിനു രണ്ടാഴ്ച മുന്‍പും ഇതേ ഫോണ്‍ കേരളത്തില്‍ ഉപയോഗിച്ചതെന്നു വ്യക്തമല്ല. ഷാറുഖ് അല്ല മറ്റൊരാളാണു ഫോണ്‍ ഉപയോഗിച്ചതെന്നു തെളിഞ്ഞാല്‍ അതു കേസിനു വഴിത്തിരിവാകും.സംഭവദിവസം, ഷാറുഖ് ആക്രമണം നടത്തിയ ട്രെയിനില്‍ സഹായികളാരെങ്കിലും യാത്ര ചെയ്തിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

കുറ്റകൃത്യത്തില്‍ പങ്കാളികളായ കൂട്ടുപ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ചോദ്യം ചെയ്യലില്‍ ഷാറുഖ് പൊലീസിനു നല്‍കിയിട്ടില്ല. ഒറ്റയ്ക്ക് ആലോചിച്ച് ഒറ്റയ്ക്കു നടപ്പിലാക്കിയ ആക്രമണമായാണു ഷാറുഖ് സംഭവത്തെ വിവരിച്ചത്.കുറ്റകൃത്യത്തിനു മുന്‍പു ഷാറുഖ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ചെലവഴിച്ച മണിക്കൂറുകള്‍ സംബന്ധിച്ച അവ്യക്തത നീക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞിരുന്നില്ല.ജന്മനാടായ ഷഹീന്‍ബാഗിലോ കേരളത്തിലോ ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളുമായോ സംഘടനകളുമായോ ഷാറുഖ് അടുപ്പം പുലര്‍ത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *