ഇന്നു ചേരുന്ന യുഡിഎഫ് യോഗം തുടര്‍ നിയമനടപടികള്‍ ഉള്‍പ്പെടെ ആലോചിക്കും
ഗതാഗത നിയമലംഘനങ്ങള്‍ തടയുക വഴി സുരക്ഷിതയാത്ര വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിക്കു പിന്നിലെ അഴിമതിയാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ഓരോന്നായി കുരുക്കില്‍ പെടുന്നതിനെതിരെ മുന്നണിയിലും പാര്‍ട്ടിയിലും സ്വരമുയരുന്നുണ്ട്. സര്‍ക്കാരിലും തദ്ദേശ സ്ഥാപനങ്ങളിലും അഴിമതി തുടച്ചുനീക്കിയേ തീരൂവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ക്യാമറ വിവാദം സര്‍ക്കാരിനെ കുരുക്കിലാക്കിയത്.
മാധ്യമങ്ങളും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പുറത്തുകൊണ്ടുവന്ന വിവരങ്ങളെ ഖണ്ഡിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തയാറായിട്ടില്ല. ഉദ്യോഗസ്ഥ തല അന്വേഷണം പ്രഖ്യാപിച്ച മന്ത്രി പി.രാജീവ് ഇടപാടുകളെ ന്യായീകരിക്കാനാണ് പരമാവധി ശ്രമിച്ചത്. അന്വേഷണം പ്രഹസനമാകുമെന്ന സൂചനകള്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രകടമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച ആരോപണങ്ങളുടെ പേരിലല്ല വിജിലന്‍സ് അന്വേഷണമെന്നും അവര്‍ വിലയിരുത്തുന്നു.
അരുതാത്തതെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ കെല്‍ട്രോണിന്റെ കുഴപ്പമാണെന്നും സര്‍ക്കാര്‍ തല അഴിമതി അല്ലെന്നുമുള്ള ന്യായമാണ് ഭരണകേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. അഴിമതിയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്നും അതിന്റെ തെളിവുകള്‍ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളി മുഴക്കി. രേഖകള്‍ പുറത്തുവിടാനായി ചെന്നിത്തല ഇന്നു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുമുണ്ട്. കരാര്‍ ഇഴകീറി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും ആരോപണങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രകടിപ്പിച്ചത്. സിപിഐയും അതേ നിലപാടിലാണ്