നവജാത ശിശുവിനെ വിറ്റതില്‍ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതിചേര്‍ത്തു. അമ്മയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു പ്രസവിച്ചയുടനെ കുഞ്ഞിനെ കൈമാറിയത്. ഉള്ളൂര്‍ സ്വദേശി അഞ്ജു എന്ന് ആശുപത്രി റജിസ്റ്ററില്‍ പേരു നല്‍കിയ സ്ത്രീ 7 ന് ആണു തൈക്കാട് ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നതനുസരിച്ചു 10നു ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ വച്ചു തന്നെ കുഞ്ഞിനെ ഇവര്‍ക്കു കൈമാറുകയായിരുന്നു. പല തവണയായി 3 ലക്ഷം രൂപ ഇതിനു പ്രതിഫലമായി നല്‍കി.കഴിഞ്ഞ 19നു ചൈല്‍ഡ് ലൈനില്‍ ലഭിച്ച അജ്ഞാത ഫോണ്‍ കോളില്‍ നിന്നാണു സംഭവത്തിന്റെ ചുരുളഴിയുന്നത്.
കരമനയിലെ സ്ത്രീക്കു കുഞ്ഞിനെ കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ഫോണ്‍ കോള്‍. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു പൊലീസിനൊപ്പം കരമനയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ പണം കൊടുത്തു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നാണു ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തത്