ക്യാമറ വിവാദം; കെല്‍ട്രോണില്‍ എജിയുടെ ഫയല്‍ പരിശോധന

തിരുവനന്തപുരം : കെല്‍ട്രോണ്‍ ഉള്‍പ്പെട്ട റോഡ് ക്യാമറ ഇടപാടിനെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അക്കൗണ്ടന്റ് ജനറലിന്റെ പ്രത്യേകസംഘം ഫയലുകളുടെ പരിശോധന തുടങ്ങി. കേരളത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (ഓഡിറ്റ് 2) ഡോ. ബിജു ജേക്കബിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം മൂന്നംഗ സംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കുന്നത്. ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും

ക്യാമറയുമായി ബന്ധപ്പെട്ട് മോട്ടര്‍ വാഹന വകുപ്പ് നല്‍കിയ ശുപാര്‍ശകള്‍, വര്‍ക്ക് ഓര്‍ഡര്‍, ഇതുവരെ നടന്ന ചര്‍ച്ചകള്‍, ടെന്‍ഡറിലെ വ്യവസ്ഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളാണു പരിശോധിക്കുന്നത്. ഉപകരാര്‍ നല്‍കിയതില്‍ വീഴ്ച ഉണ്ടോ, വിശ്വാസ്യതയില്ലാത്ത കമ്പനികള്‍ ഇടം പിടിച്ചിട്ടുണ്ടോ, ക്യാമറയുടെ പ്രത്യേകതകള്‍, ഇവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തുടങ്ങിയവയും പരിശോധിക്കും.

ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടാണു വര്‍ഷത്തിലൊരിക്കല്‍ അക്കൗണ്ടന്റ് ജനറല്‍ പരിശോധിക്കുക. തീരുമാനങ്ങള്‍ നടപ്പാക്കിയ ശേഷം ഓഡിറ്റിന്റെ അഭിപ്രായം വരുന്നതിനെക്കാള്‍, കരാറില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍ തന്നെ ഓഡിറ്റ് അഭിപ്രായം ഉണ്ടാകുന്നതു നന്നായിരിക്കുമെന്നു കഴിഞ്ഞ വര്‍ഷം ഓഡിറ്റ് ദിവസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

2019 ല്‍ കേരള പൊലീസ് സേനയ്ക്കായി ക്യാമറകള്‍ വാങ്ങുന്നതു സംബന്ധിച്ച്, സാങ്കേതിക വിദ്യ നല്‍കാനും ക്യാമറകള്‍ നിര്‍മിക്കാനും കഴിയുന്ന കമ്പനികളുമായി നേരിട്ട് ഇടപെടാതെ കെല്‍ട്രോണ്‍ ഇടനില കമ്പനികളെ ഏര്‍പ്പെടുത്തിയതു വിവാദമായിരുന്നു. പിറ്റേവര്‍ഷം കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് സേനയ്ക്കായി കെല്‍ട്രോണ്‍ നടത്തിയ ഇടപാടുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എസ്ആര്‍ഐടി കൈമാറിയത് അല്‍ഹിന്ദ് എടുത്ത ഡിഡി

തിരുവനന്തപുരം റോഡ് ക്യാമറയ്ക്കു കരാറെടുത്ത എസ്ആര്‍ഐടി നല്‍കേണ്ട നിക്ഷേപത്തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കെല്‍ട്രോണിലെത്തിയത് എസ്ആര്‍ഐടിയുടെ ആമുഖക്കുറിപ്പോടെ. ആമുഖക്കുറിപ്പുള്ളതിനാല്‍ ഡിഡി നല്‍കിയത് അവര്‍ തന്നെയെന്നുറപ്പിച്ചുവെന്നാണു കെല്‍ട്രോണ്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.

എന്നാല്‍ ഫെഡറല്‍ ബാങ്കില്‍നിന്നു 2020 ഒക്ടോബര്‍ ഒന്നിനു 3 കോടി രൂപയുടെ ഡിഡി എടുത്തത് അല്‍ഹിന്ദ് ഗ്രൂപ്പാണ്. ആമുഖക്കുറിപ്പ് ഉണ്ടെന്നതിനാല്‍ ആരാണു ഡിഡി നല്‍കിയതെന്ന കാര്യം പരിശോധിച്ചില്ലെന്നാണു കെല്‍ട്രോണ്‍ ന്യായീകരിക്കുന്നത്. പദ്ധതിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടി പിന്‍മാറിയ അല്‍ഹിന്ദിന് ഈ തുക ഇതുവരെ എസ്ആര്‍ഐടിയില്‍നിന്നു തിരികെ ലഭിച്ചിട്ടില്ലെന്നാണു വിവരം.

കരാറെടുക്കുന്ന കമ്പനി തന്നെ പണം മുടക്കി, നിര്‍മിച്ച്, പ്രവര്‍ത്തിപ്പിച്ച്, കൈമാറുന്ന ബിഒഒടി മാതൃക എങ്ങനെ ഓരോ 3 മാസവും സര്‍ക്കാര്‍ പണം നല്‍കേണ്ട മാതൃകയിലേക്കു മാറിയെന്ന ചോദ്യവും ഉയരുന്നുണ്ട്. പദ്ധതിക്കു ഭരണാനുമതി നല്‍കിയതു ബിഒഒടി മാതൃകയില്‍ നടപ്പാക്കാനാണ്. ഇക്കാര്യം ഗതാഗതവകുപ്പിന്റെ 2020 ഏപ്രിലിലെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ വര്‍ഷം 4 തവണകള്‍ എന്ന നിലയില്‍ 20 തവണകളായി 5 വര്‍ഷത്തിനകം സര്‍ക്കാര്‍ പണം കൊടുത്തു തീര്‍ക്കുന്ന മാതൃകയിലേക്കു പിന്നീട് പദ്ധതി മാറ്റി.

ഇതിനിടെ, പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ എസ്ആര്‍ഐടിക്കു മാനുഫാക്ചറര്‍ ഓതറൈസേഷന്‍ ഫോം നല്‍കിയത് ഇത്തരം കരാറുകളില്‍ സാധാരണ കാര്യമാണെന്നു വിശദീകരിച്ച് തിരുവനന്തപുരത്തെ മീഡിയാട്രോണിക്‌സ് കമ്പനി രംഗത്തെത്തി. എഐ ക്യാമറ മൊഡ്യൂള്‍ ഏതാണ്ടു പൂര്‍ണമായി നല്‍കിയത് ഈ കമ്പനിയാണ്.

ടെന്‍ഡര്‍ വ്യവസ്ഥയില്‍ പറയുന്ന പ്രീ ക്വാളിഫിക്കേഷന്‍, ടെക്‌നിക്കല്‍ ക്വാളിഫിക്കേഷന്‍ എന്നിവ കമ്പനിക്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണു ക്യാമറയുടെ വര്‍ക്ക് ഓര്‍ഡര്‍ മാത്രം സ്വീകരിച്ചതെന്നും കമ്പനി വിശദീകരിച്ചു. തങ്ങള്‍ വിതരണം ചെയ്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ തന്നെയാണെന്നും കമ്പനി അവകാശപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *