ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതിയും സഹോദരനും ഡോക്ടറെ ആക്രമിച്ചു

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. വിവേകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആശുപത്രിയിലെത്തിയ സഹോദരന്‍ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു.

തടയാനെത്തിയ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐയെയും ആക്രമിച്ചു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

മദ്യപിച്ച് ആക്രമണങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെള്ളറടയില്‍ മദ്യപിച്ചെത്തിയയാള്‍ പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു.

വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനല്‍(47) ആണ് ആക്രമണം നടത്തിയത്. ഭാര്യയുമായുള്ള തര്‍ക്കമാണ് പ്രതിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ സനല്‍ ഭാര്യ നയനയുമായി വഴക്കിടുകയായിരുന്നു.

തര്‍ക്കത്തിന് പിന്നാലെ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും ദേഹത്തും പ്രതി തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റതിന് പിന്നാലെ നയനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത സനലിനെ കോടതി റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *