സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എസ് പി സുനില്‍ കുമാറിന്റെയും ഡി വൈ എസ് പി എം എ ഷാജിയുടെയും നേതൃത്വത്തിലുള്ള നാലാമത്തെ അന്വേഷണ സംഘമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവില്‍ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

2018 ഒക്ടോബറിലാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള ആശ്രമം കത്തിച്ചത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആര്‍ എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണെന്നുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റേതായിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍. പ്രകാശ് 2022 ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു.

കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണസംഘം ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്ത് പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളും നഷ്ടമായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലെ സംഘം അഞ്ചുമാസത്തിലധികം അന്വേഷണം നടത്തി. ഇതിനുശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.സംഭവദിവസം ആശ്രമത്തിന് മുന്നില്‍ ‘ഷിബുവിന് ആദരാഞ്ജലികള്‍’ എന്നെഴുതിയ റീത്ത് പ്രതികള്‍ വച്ചിരുന്നു. ഈ കൈയെഴുത്ത് തെളിവായി കസ്റ്റഡിയിലെടുത്തുവെന്ന് രേഖപ്പെടുത്തി മഹസര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

പിന്നീട് സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിനായി കോടതി ഇത് മടക്കിനല്‍കി. ഇത് കേസ് ഫയലില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. പൊലീസ് ഫോട്ടോഗ്രാഫര്‍ റീത്തിന്റെ ഉള്‍പ്പെടെ ചിത്രമെടുത്തിരുന്നു. ഈ ഡിജിറ്റല്‍ തെളിവില്‍ നിന്നാണ് കയ്യക്ഷരം കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിന്റേതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

സംഭവം നടന്ന ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ ഐഡിയ, വോഡഫോണ്‍ കമ്പനികളുടെ ടവറില്‍ നിന്നുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ആദ്യ അന്വേഷണസംഘം കമ്പനിയില്‍ നിന്ന് ശേഖരിച്ചിരുന്നു. ഈ വിവരങ്ങളും കാണാനില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

അഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ടെണ്ണം ഉണ്ടായിരുന്നതും കേസ് ഫയലില്‍ നിന്ന് കാണാതായി. ഈ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

തെളിവുകള്‍ നഷ്ടമായതറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുവിടുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു. എസ് പി സദാനന്ദന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തിയ സംഘമാണ് തെളിവുകള്‍ നഷ്ടപ്പെട്ട വിവരം ക്രൈം ബ്രാഞ്ച് എ ഡി ജി പിയെ അറിയിച്ചത്. ആശ്രമം കത്തിച്ച കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ പലതും ഒളിച്ചുവച്ചെന് സന്ദീപാനന്ദഗിരിയും പരാതിപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *