വിവാഹ വാഗ്ദാനം നല്‍കി 66 കാരനില്‍നിന്ന് പണം തട്ടിയ കേസില്‍ അച്ചുവിനെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരംകുളം സ്വദേശി റിട്ട.ബാങ്ക് ജീവനക്കാരന്‍ മുരുകന്റെ(66) പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുരുകന്‍ തന്റെ സുഖമില്ലാത്ത മകളെ പരിചരിക്കുന്നതിന് ഒരു സ്ത്രീയുടെ സഹായം തേടുന്നതിനിടയിലാണ് അശ്വതി അച്ചുവിനെ പരിചയപ്പെടുന്നത്. തനിക്ക് 40,000 രൂപയുടെ ബാദ്ധ്യതയുണ്ട്. അത് പരിഹരിച്ചാല്‍ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിച്ചുകൊള്ളാമെന്നായിരുന്നു അശ്വതിയുടെ വാഗ്ദാനം.

ഇതില്‍ വിശ്വസിച്ച് മുരുകന്‍ ആദ്യം 25000 രൂപ നല്‍കി. പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ 15000 രൂപയും നല്‍കി. എന്നാല്‍ നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്നതിനാല്‍ രജിസ്‌ട്രേഷന്‍ അന്ന് നടന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പണം സ്വീകരിച്ച കാര്യം അശ്വതി നിഷേധിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലം ആയൂര്‍ തുളമുളയ്ക്കല്‍ ഒഴുവുപാറയ്ക്കല്‍ അശ്വതി ഭവനില്‍ രാധാമണിയുടെ മകളാണ് അശ്വതി അച്ചു. പൂവാര്‍ സി.ഐ എസ്.ബി പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐ തിങ്കള്‍ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിനി, സി.പി.ഒ അരുണ്‍, ഡ്രൈവര്‍ ഷാജു തുടങ്ങിയവര്‍ മുട്ടട ട്രാവന്‍കൂര്‍ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു

 

Leave a Reply

Your email address will not be published. Required fields are marked *