മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്‌കാരം നടക്കുന്ന മദ്രസയിലും എത്തി. തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരുമായി യോഗം ചേര്‍ന്നു. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയില്‍ പൊതുദര്‍ശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്‌കാരചടങ്ങുകള്‍.
22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു