കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ പോലീസിന്റെ നിലപാടില്‍ ദുരൂഹത.

എഫ്.ഐ.ആര്‍. പ്രകാരം ആദ്യം ആക്രമിക്കപ്പെട്ടതു ഡോ. വന്ദനയാണ്. എന്നാല്‍, പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം പ്രതി സന്ദീപ് ആദ്യം ആക്രമിച്ചതു ബന്ധുവിനെയും പോലീസുകാരെയുമാണ്.സംഭവസ്ഥലത്തുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്.ഐ.ആറെന്നു പോലീസ് വ്യക്തമാക്കി.
ഡോക്ടറെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണു പോലീസുകാര്‍ക്കു പരുക്കേറ്റതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇത് കൃത്യവിലോപം സംബന്ധിച്ച ആരോപണത്തില്‍നിന്നു പോലീസുകാരെ രക്ഷിക്കാനാണെന്ന സംശയമാണുയരുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ സന്ദീപ് ശാന്തനായിരുന്നെന്നും പോലീസ് പറയുന്നു. ബന്ധുവായ ബിനുവിനെ കണ്ടപ്പോള്‍ അക്രമാസക്തനാവുകയും അയാളെ ആക്രമിക്കുകയുമായിരുന്നു.ബിനുവിനെ ചവിട്ടിവീഴ്ത്തി.
ഹോം ഗാര്‍ഡിനെയും പോലീസിനെയും ആക്രമിച്ചു. പിന്നീട് കത്രിക ഉപയോഗിച്ച് ഡോക്ടറെ തുരുതുരാ കുത്തി. വന്ദന പെട്ടെന്ന് ആക്രമിക്കപ്പെട്ടതുകൊണ്ട് തടയാന്‍ കഴിഞ്ഞില്ലെന്നു ന്യായീകരിക്കാനാണു പോലീസ് ശ്രമിക്കുന്നതെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു. ആദ്യം മറ്റുള്ളവരാണ് ആക്രമിക്കപ്പെട്ടതെങ്കില്‍ എന്തുകൊണ്ട് തടഞ്ഞില്ലെന്ന ചോദ്യത്തിനും പോലീസ് ഉത്തരം നല്‍കേണ്ടിവരും.
എഫ്.ഐ.ആറില്‍ പറയുന്നത്
ഡ്രസിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരുക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ, നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ എന്നാ്രകോശിച്ച് പിന്തുടര്‍ന്നു. ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചുകയറി ഡോക്ടറെ നിരവധി പ്രവശ്യം കുത്തിപ്പരുക്കേല്‍പ്പിച്ചു.
കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി വീണ്ടും കുത്തി മാരകമായി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതുകണ്ട് തടയാനെത്തിയ പോലീസുകാരെയും ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.