എല്ലാ പൊലീസ് ജില്ലയ്ക്കും നിരീക്ഷണ ഡ്രോണുകള്‍

ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിനു പ്രത്യേകം വ്യവസ്ഥകള്‍ ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പൊലീസ് ജില്ലയ്ക്കും നിരീക്ഷണത്തിനായി ഡ്രോണുകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരീക്ഷണ ഡ്രോണുകള്‍ പൊലീസിന്റെ ആധുനികവല്‍ക്കരണത്തില്‍ വലിയ ചുവടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ആവശ്യങ്ങള്‍ക്കുളള ഡ്രോണുകള്‍, മൊബൈല്‍ ആന്റിഡ്രോണ്‍ സംവിധാനം എന്നിവ നിര്‍മിക്കുന്നതിനു കേരള പൊലീസ് ഡ്രോണ്‍ ഫൊറന്‍സിക് ലാബ് ആന്‍ഡ് റിസര്‍ച് സെന്റര്‍ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ഫൊറന്‍സിക് സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിവിധതരം ഡ്രോണ്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനായി ഡിജിസിഎ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

പൊലീസിന് എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ഡ്രോണുകള്‍ സഹായകമാകും. ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കു പുറമേ 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ഡ്രോണ്‍ ഫൊറന്‍സിക് ലാബിന്റെ നേതൃത്വത്തില്‍ അടിസ്ഥാന പരിശീലനവും നല്‍കി. പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വി.കെ.പ്രശാന്ത് എംഎല്‍എ, എഡിജിപിമാരായ കെ.പത്മകുമാര്‍, ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ പി.പ്രകാശ്, ഐജിമാരായ സി.നാഗരാജു, എസ്.ശ്യാംസുന്ദര്‍ എന്നിവരും പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *