കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്

ഇതോടെ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകളും സജീവമായി കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരമായ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളി കളയുന്നില്ല.
കുതിരക്കച്ചവടം വോട്ടെണ്ണല്‍ പുരോമിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നടപടികള്‍ ആരംഭിച്ചു. ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കള്‍. കൂറുമാറ്റം നടക്കാതിരിക്കാന്‍ ഇന്നലെ രാത്രി തന്നെ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിജയിക്കുന്നവരെയെല്ലാം ബെംഗളൂരുവിലെത്തിക്കാനും നിര്‍ദേശമുണ്ട്. ഡിസിസി അധ്യക്ഷന്‍മാരുമായി ഡികെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്ഥാനത്ത് ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നാണ് ശിവകുമാര്‍ പറയുന്നത്.
സംസ്ഥാനത്ത് ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂട്ടായ്മയുടെ വിജയമാണ്. സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് കോണ്‍ഗ്രസിന് ലഭിച്ച ബൂസ്റ്റര്‍ ഡോസാണ് കര്‍ണാടകയെന്നും പവന്‍ ഖേര പറയുന്നു.
സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളും ഇതിനോടകം സജീവമായിക്കഴിഞ്ഞു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത്. ഇത് ഫലം കണ്ടതോടെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
അതേസമയം തന്റെ പിതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന വാദവുമായി മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര രംഗത്തെത്തി. കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് യതീന്ദ്രയുടെ വാക്കുകള്‍. മകനെന്ന നിലയില്‍ എന്റെ പിതാവ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു കര്‍ണാടക സ്വദേശിയെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണകാലം മികച്ചതായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. ഇനിയും അദ്ദേഹം മുഖ്യമന്ത്രിയായാല്‍ ബിജെപി ഭരണകാലത്തെ അഴിമതിയും ദുര്‍ഭരണവും തിരുത്തി മുന്നേറുമെന്ന് ഉറപ്പാണ്. സംസ്ഥാന താല്‍പര്യത്തിന് അദ്ദേഹം മുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്നും യതീന്ദ്ര പറഞ്ഞു.
അതേസമയം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് സ്വീകരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിജയിച്ചുവരുന്ന എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്നും അതില്‍ മറ്റ് ആശങ്കകളില്ലെന്നുമാണ് നേതൃത്വം പറയുന്നത്.