സ്ത്രീകള്‍ക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് പാചകവാതകം; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ 5 വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സൗജന്യവൈദ്യുതി അടക്കം 5 വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 500 രൂപയ്ക്കു പാചകവാതക സിലിണ്ടര്‍, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1500 രൂപ, 100 യൂണിറ്റ് വരെ സൗജന്യവൈദ്യുതി; 200 വരെ പകുതിവില, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ എന്നിവയാണ് വാഗ്ദാനങ്ങള്‍. കര്‍ണാടകയില്‍ പ്രയോഗിച്ച വിജയഫോര്‍മുല ആണിത്.
ജൂണ്‍ 12നു ജബല്‍പുരില്‍ റോഡ് ഷോയിലൂടെ പ്രചാരണത്തിനു പ്രിയങ്ക തുടക്കമിടുമെന്നാണു വിവരം. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു കൂറുമാറിയതോടെ സംസ്ഥാനത്തു പാര്‍ട്ടിയില്‍ ചേരിപ്പോരില്ല; പാര്‍ട്ടി കമല്‍നാഥിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഭാരത് ജോഡോയാത്ര കടന്നുപോയ സംസ്ഥാനമെന്ന നിലയില്‍ താഴേത്തട്ടിലെ സംഘടനാസംവിധാനം സജീവമാണെന്നാണു വിലയിരുത്തല്‍.