കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മാറ്റിയേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നെന്നും രാജ്യത്തിന്റെ പേര് പോലും അവര്‍ മാറ്റിയേക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

സുപ്രീംകോടതി വിധികളെ പോലും കേന്ദ്രം മാനിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാനുമായി കൊല്‍ക്കത്തയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.
ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ മമത ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ പോരാട്ടത്തില്‍ എ.എ.പിയെ പിന്തുണയ്ക്കുന്നു. ഇതിനെതിരായി പാര്‍ലമെന്റില്‍ നടത്തുന്ന സമരം 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങിയും സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ചും പ്രതിപക്ഷ സര്‍ക്കാരുകളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍മാരെ ഇതിനായി ഉപയോഗിക്കുന്നുവെന്നും അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.
ഒരു പ്രധാനമന്ത്രിയും 30 ഗവര്‍ണര്‍മാരും രാജ്യം ഭരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഭഗവന്ത് മാന്‍ ചോദിച്ചു. ഓര്‍ഡിനന്‍സിനെതിരായി എ.എ.പി നടത്തുന്ന പോരാട്ടത്തില്‍ പിന്തുണ തേടാന്‍ രാജ്യവ്യാപകമായി കേജ്രിവാള്‍ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായായിരുന്നു മമതയുമായുള്ള കൂടിക്കാഴ്ച. കൊല്‍ക്കത്തയിലേക്ക് പുറപ്പെടും മുമ്പ് ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും കാണുമെന്ന് കേജ്രിവാള്‍ ട്വീറ്ര് ചെയ്തിരുന്നു.