പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയവും സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ചെങ്കോലിന്റെ മഹത്വം വീണ്ടെടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചോള സാമ്രാജ്യത്തില്‍ ചെങ്കോല്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി
പാര്‍ലമെന്റ് നടപടികള്‍ക്ക് ചെങ്കോല്‍ സാക്ഷിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യമാണ് നമ്മുടെ സംസ്‌കാരം. അടിമത്തത്തെ ഇന്ത്യ പിന്തള്ളുന്നു. പാര്‍ലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് വീടും ശുചിമുറിയും നിര്‍മിച്ചതിലും സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.