ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍; ഖര്‍ഗെയുടെ വസതിയില്‍ സച്ചിനും ഗെലോട്ടും

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള പോരുതീര്‍ക്കാന്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണു ചര്‍ച്ച പുരോഗമിക്കുന്നത്. ഖര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവര്‍ രണ്ടു മണിക്കൂര്‍ ഗെലോട്ടുമായി ചര്‍ച്ച നടത്തി. നിലവില്‍ ചര്‍ച്ചയില്‍ പങ്കുചേരുന്നതിനായി സച്ചിന് പൈലറ്റും ഖര്‍ഗെയുടെ വസതയിലെത്തി.
രാഹുല്‍ യുഎസ് സന്ദര്‍ശനത്തിനു തിരിക്കുന്നതിനുമുന്‍പു പ്രശ്നം പരിഹരിക്കാനാണു ഹൈക്കമാന്‍ഡിന്റെ ശ്രമം. വര്‍ഷാവസാനം സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇരു നേതാക്കള്‍ക്കുമിടയില്‍ അനുരഞ്ജനമുറപ്പിക്കുകയാണു ലക്ഷ്യം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട തനിക്കു സംസ്ഥാനത്തു മാന്യമായ പദവി നല്‍കണമെന്നാണു സച്ചിന്റെ ആവശ്യം.
2020ല്‍ ഏതാനും എംഎല്‍എമാര്‍ക്കൊപ്പം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സച്ചിനു പദവി നല്‍കുന്നത് അംഗീകരിക്കില്ലെന്നാണു ഗെലോട്ടിന്റെ വാദം. സച്ചിനെ വീണ്ടും പിസിസി പ്രസിഡന്റാക്കണമെന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ ആവശ്യപ്പെടുന്നു. മികച്ച സംഘാടകനായ സച്ചിന് പാര്‍ട്ടിയെ നയിക്കുന്നതാണ് ഉചിതമെന്നാണ് ഇവരുടെ വാദം.
ദേശീയ നേതൃത്വത്തില്‍ പദവി നല്കാന് ഹൈക്കമാന്‍ഡ് തയാറാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ നില്ക്കാനാണു സച്ചിനു താല്പര്യം. ഇതിനിടെ, പുതിയ പിസിസി സെക്രട്ടറിമാരെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം നിയമിച്ചു. ഇതില്‍ ഗെലോട്ട് അനുകൂലികള്‍ക്കാണു ഭൂരിപക്ഷം.
സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ പൂര്‍ണമായി ഒതുക്കാനുള്ള ഗെലോട്ടിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണു സച്ചിന്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള തന്നെ പിണക്കാന്‍ ഹൈക്കമാന്‍ഡിനാകില്ലെന്ന ആത്മവിശ്വാസത്തിലാണു ഗെലോട്ട്.