റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ തീ പിടിച്ച സംഭവത്തില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടുന്നു

ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന് സമാനമാണ് കണ്ണൂരില്‍ ഉണ്ടാതെന്നാണ് എന്‍ ഐ എയുടെ പ്രാഥമിക വിലയിരുത്തല്‍. എലത്തൂരില്‍ ഷാരൂഖ് സെയ്ഫി ഇന്ധനം കൊണ്ടുവന്ന് ട്രെയിനിനുള്ളില്‍ തളിച്ചാണ് തീ വച്ചത്. അതുപോലെതന്നെയാണ് പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും വ്യക്തമാക്കുന്നത്. ബോഗിയിലേക്ക് ഒരാള്‍ കയ്യില്‍ ക്യാനുമായി പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആദ്യം ബോഗിക്കുള്ളില്‍ പുക കണ്ടെന്നും എന്നാല്‍ പൊടുന്നനെ ബോഗിയില്‍ ഒന്നാകെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്. ബോഗിയുടെ ഏതാണ്ടെല്ലാ സ്ഥലത്തുനിന്നും ഒരേസമയം തീ ആളിപ്പടര്‍ന്നു എന്നും അവര്‍ പറയുന്നുണ്ട്. ഇരുമ്പ് ഭാഗങ്ങളാണ് കൂടുതല്‍ എന്നതിനാല്‍ പെട്രോള്‍ പോലെ എളുപ്പത്തില്‍ തീ പിടിക്കുന്ന ഇന്ധനം ഉപയോഗിക്കാതെ ഇത്തരത്തില്‍ തീ പടരിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബോഗിക്കുളളില്‍ ഇന്ധനം സ്‌പ്രേചെയ്ത് കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഫോറന്‍സിക് പരിശോധനയിലേ ഇക്കാര്യം വ്യക്തമാകൂ.

അതിനിടെ, കേരളം ഇതുവരെ കാണാത്ത തരത്തിലുളള ഒരു വന്‍ ദുരന്തം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ യാത്രക്കാരില്ലാത്ത ട്രെയിന്‍ തീയിട്ടത് എന്നും സംശയിക്കുന്നുണ്ട്. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റര്‍ മാറിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതല്‍ ബോഗികളിലേക്ക് തീ പടരുകയും അത് ഇന്ധന സംഭരണിയിലേക്ക് എത്തുകയും ചെയ്തിരുന്നതെങ്കില്‍ ദുരന്തം ഭയാനകമാകുമായിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിക്കാണ് തീ പിടിച്ചത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍

 

Leave a Reply

Your email address will not be published. Required fields are marked *