ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ദില്ലിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.

മന്ത്രിയുടെ ജീവന്‍ അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം. 17 മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.

മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി നിര്‍ദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *