രാഹുലും അബിനും നേര്‍ക്കുനേര്‍; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗ്രൂപ്പുകളുടെ ശക്തി പ്രകടനമാകും

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള ഗ്രൂപ്പുകളുടെ ശക്തിപ്രകടന പോരാട്ടമാകുന്നു. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിനെ രംഗത്തിറക്കിയപ്പോള്‍ അബിന്‍ വര്‍ക്കിയെയാണ് ഐ ഗ്രൂപ് പിന്തുണച്ചത്. യുവനിരയിലെ രണ്ട് പ്രമുഖര്‍ മാറ്റുരക്കുന്നതോടെ പോരാട്ടം തീപാറുമെന്നുറപ്പ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖങ്ങളാണ് ഇരുവരുമെന്നതും ശ്രദ്ധേയം. നേരത്തെ, കെ സി വേണുഗോപാല്‍ പക്ഷത്തില്‍ നിന്ന് ബിനു ചുള്ളിയിലും മത്സര രംഗത്തുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് പിന്മാറി. കോണ്ഡഗ്രസിലെ സതീശന്-സുധാകരന് ദ്വന്ദത്തിനെതിരെ ഒന്നിക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിനിയോഗിക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഓരോ ഗ്രൂപ്പും വ്യത്യസ്ത സ്ഥാനാര്‍ഥികളുമായി രംഗത്തെത്തി.
കടുത്ത അനിശ്ചിതത്വത്തിനൊടുവിലാണ് രാഹൂല്‍ മാങ്കൂട്ടം എ ഗ്രൂപ് സ്ഥാനാര്‍ഥിയായത്. നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തെ നിര്‍ദേശിച്ചത്. എന്നാല്‍, മാങ്കൂട്ടത്തിന് ആദ്യഘട്ടത്തില്‍ എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായില്ല. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് എന്നതായിരുന്നു അതൃപ്തിക്ക് കാരണം. മറ്റൊരു യുവനേതാവ് കെ എം അഭിജിത്തിന്റെ പേരും ഉയര്‍ന്നുവന്നു. അഭിജിത്തിന് നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
ഐ ഗ്രൂപ്പിന്റെ അബിന്‍ വര്‍ക്കിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസമാണ്. കെ സി വേണുഗോപാലിനെ പിന്തുണക്കുന്നവരുടെ നിലപാടും നിര്‍ണായകമാകും.